ജർമനി :ലോകത്ത് മുസ്ലിം വിരോധം ശക്തമാകുന്നതിനിടെ ജർമനിയിൽ ഖബറിസ്ഥാനുനേരെ ആക്രമണം.അക്രമികൾ 30 ഖബറുകൾ തകർത്തു. വടക്കുപടിഞ്ഞാറൻ ജർമൻ നഗരമായ ഐസർലോണിലാണ് 30ഓളം ഖബറുകൾ അക്രമികൾ തകർത്തത്. ജർമനിയിൽ മുസ്‍ലിം വിദ്വേഷം ശക്തമാകുന്നതായുള്ള വാർത്തകൾക്കിടെയാണ് പുതിയ സംഭവം.
സംഭവത്തിൽ ഹാഗെൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് സാക്ഷിയായവരോ അക്രമികളെക്കുറിച്ച് അറിവുള്ളവരോ തങ്ങൾക്ക് വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതുവത്സര ആഘോഷങ്ങൾക്കിടെയാകും സംഭവമെന്നാണ് പൊലിസിന്റെ നിഗമനം.
യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ മനോഭാവത്തിന്റെ പുതിയ സൂചകമാണ് സംഭവമെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽകൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും വേണമെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം ജർമനിയോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള ആവശ്യമായ നടപടിയുണ്ടാകണമെന്നും തുർക്കി ആവശ്യപ്പെട്ടു.