ചെന്നൈL തമിഴ്‌നാട്ടില്‍ നാഗര്‍കോവിലെ വടശേരിയില്‍ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. നാടോടികളായ നാരായണന്‍, ശാന്തി എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. കുഞ്ഞിനേയും പ്രതികളെയും തമിഴ്‌നാട് പൊലീസിന് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടോടികളായ നാരായണനും ശാന്തിയും ചേര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. വടശേരി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവര്‍ തട്ടിയെടുത്തു.
ശേഷം ഏറനാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തി. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്.
പരിശോധനയില്‍ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു.