ഹൈദരാബാദില്‍ ബിരിയാണി ഫെസ്റ്റിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. ലിയാഖത്ത് എന്നയാളാണ് മരിച്ചത്. ബിരിയാണിയ്ക്കൊപ്പം വിളമ്പുന്ന സാലഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചഗുട്ടയിലെ ‘മെറിഡിയന്‍ റെസ്റ്റോറന്റില്‍’ ഞായറാഴ്ച രാത്രിയാണ് സംഭവം.
ബിരിയാണി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളോടൊപ്പം റെസ്റ്റോറന്റില്‍ എത്തിയതായിരുന്നു ലിയാഖത്ത് . ബിരിയാണിയ്ക്കൊപ്പം കൂടുതല്‍ സാലഡ് ആവശ്യപ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ കൈയാങ്കളിയായി. ഇരു വിഭാഗവും പരസ്പരം ആക്രമിക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
പ്രശ്‌ന പരിഹാരത്തിനായി ഇരു വിഭാഗവും രാത്രി 11 മണിയോടെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട ലിയാഖത്ത് സ്റ്റേഷനിലെത്തി മിനിറ്റുകള്‍ക്കകം കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ലിഖായത്തിനെ ക്രൂരമായി മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.