തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഓഫീസുകളിലും മാറ്റം. ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കും. തുറമുഖവകുപ്പ് മന്ത്രി ഉപയോഗിച്ചിരുന്ന ഓഫീസ് ഗണേഷ് കുമാറിന് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇതേ ഓഫീസ് തന്നെയായിരുന്നു കടന്നപ്പള്ളി ഉപയോഗിച്ചിരുന്നത്.
അതേസമയം കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട.കെഎസ്ആർടിസിയുടെ വരുമാനച്ചോർച്ച തടയും. കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല. അഴിമതി ഇല്ലാതാക്കുക തന്നെയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു.
വരവ് വർധിപ്പിക്കാൻ നടപടികൾ എടുക്കുന്നതോടൊപ്പം ചെലവുകൾ നിയന്ത്രിക്കും. കണക്കുകൾ കൃത്യമാകണമെന്നും തൊഴിലാളികൾക്ക് ദോഷം വരുന്ന നടപടികൾ ഉണ്ടാവില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമുണ്ട്. എന്നാൽ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല.
ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നു. കേരളത്തിലെ സിനിമ മേഖലയ്ക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും ഗണേഷ് കുമാർ പറഞ്ഞു.