കൊച്ചി:ഐഎസ് മാതൃകയിൽ കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ എല്ലാ വകുപ്പുകൾ പ്രകാരവും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ശിക്ഷയിന്മേല്‍ നാളെ വാദം നടക്കും.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് 2018 മേയ് 15നാണ് അറസ്റ്റിലാകുന്നത്. ശ്രീലങ്കൻ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനൽ തൗഹീത് ജമാത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്ഫോടന പരമ്പരയും നടത്താൻ റിയാസ് ഗൂഢാലോചന നടത്തി എന്നാണ് എൻഐഎ കേസ്.പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കമുള്ളവയുമാ തെളിവായി എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ പറയുന്നത്.
2016ൽ കാസർകോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയി എന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് 34കാരനായ റിയാസ് എൻഐഎ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്. ഒപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവർ പിന്നീട് മാപ്പുസാക്ഷികളായി. അടുത്തിടെയാണ് കേസിന്റെ വിചാരണ എൻഐഎ കോടതിയിൽ പൂർത്തിയായത്.
2018 മെയ് 15-നാണ് ഭീകരനെ എൻഐഎ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പരയ്‌ക്ക് ആസൂത്രണം ചെയ്തെന്നും യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎ കണ്ടെത്തൽ. കാസർകോട് ഐഎസ് കേസിന്റെ ഭാഗമായിരുന്നു ഈ കേസും.