ലോകായുക്ത വിധിയെ വിമര്‍ശിച്ച കെ.ടി.ജലീല്‍ എം.എല്‍.എയ്ക്കെതിരെ കോടതിലക്ഷ്യ നടപടിയ്ക്ക് സാധ്യത. ലോകായുക്ത നിയമം 18 പ്രകാരം ലോകായുക്തയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം പരസ്യപ്രസ്താവന നടത്തിയാൽ സ്വമേധയാ കേസെടുക്കാം.
ഒരു വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. പരസ്യ പ്രസ്താവനയ്ക്കെതിരെ ലോകായുക്തയ്ക്ക് സ്വമേധയായും, പുറമേ നിന്നുള്ള ആളുടെ പരാതിയിലും കോടതിയലക്ഷ്യ നടപടിയെടുക്കാൻ സാധിക്കും.
ലോകായുക്തയയെയോ, വിധിയേയോ പൊതുജന മധ്യത്തില്‍ അവമതിപ്പുണ്ടാക്കും വിധം പ്രസ്താനയിറക്കുന്നത് കണ്‍ടെംപ്റ്റ് ഓഫ് കോര്‍ട് ആക്ട് 1971 പ്രകാരം നടപടിയെടുക്കാവുന്നതാണ്. ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നിയമം ലോകായുക്തയിലും ബാധകമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഫെയ്സ് ബുക്ക് പോസ്റ്റും,പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ ലോകായുക്തയ്ക്ക് സ്വമേധയാ കോടതിയലക്ഷ്യ നടപടി എടുക്കാവുന്നതാണ്.
വിധിയെ അവമതിപ്പിക്കുന്നതാണ് നടപടി നേരിട്ട കെ.ടി.ജലീലിന്‍റെ പ്രസ്താവനയെന്നും ഇക്കാര്യത്തില്‍ കോടതിലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പുറമേ നിന്നുള്ള ആളുകൾക്കും ലോകായുക്തയെ സമീപിക്കാവുന്നതാണ്.
ആദ്യപടിയായി പ്രസ്താവന നടത്തിയ ആള്‍ക്ക് നോട്ടീസ് നല്‍കി ലോകായുക്ത അവരെ കേള്‍ക്കും. അതിനുശേഷമാണ് നടപടിയിലേക്ക് കടക്കുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെത്തന്നെ ലക്ഷ്യം വെയ്ക്കുന്ന പരസ്യ പ്രസ്താവന നടത്തിയിട്ട് അതിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പേര്‍ പ്രസ്താവനയുമായി രംഗത്ത് എത്തിയേക്കുമെന്നും നിയമ വിദഗ്ദര്‍ പറയുന്നു.