ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഡെന്മാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സണ് വീണ്ടും ഫുട്ബോൾ ലോകത്തേയ്ക്ക് മടങ്ങിയെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോർഡ് എഫ്സി എറിക്സണെ സ്വന്തമാക്കി. സീസണ് അവസാനിക്കുന്നതുവരെ എറിക്സണ് ബ്രെന്റ്ഫോർഡിൽ തുടരും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന്റെ മുന്നേറ്റ താരമായിരുന്ന എറിക്സണ് പിന്നീട് ഇന്റർ മിലാനിലേക്കു ചേക്കേറി. ഇന്ററിനൊപ്പം ലീഗ് കിരീടനേട്ടത്തിൽ ഭാഗമാകാനും എറിക്സണു സാധിച്ചു. കഴിഞ്ഞ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്സണ് കുഴഞ്ഞുവീണിരുന്നു.
ഹൃദയാഘാതം മൂലം ഗ്രൗണ്ടിൽ വീണ എറിക്സണിൽ പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തു. ഇറ്റാലിയൻ ക്ലബ് ഇന്ററിനൊപ്പം കരാർ പ്രകാരം മൂന്നര വർഷം കൂടി ഉണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്, ഇരുകൂട്ടരും ഉഭയസമ്മതപ്രകാരം കരാർ അവസാനിപ്പിക്കുകയായിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചവരെ ഇറ്റാലിയൻ ലീഗുകളിൽ കളിക്കാൻ അനുവദിക്കാറില്ല. എന്നാൽ മറ്റു ലീഗുകളിൽ ഈ നിയമമില്ല.