ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇതിനോടകം തന്നെ ആറിടത്താണ് സ്‌ഫോടനം നടന്നത്. യുക്രൈനെ പിന്തുണച്ച് കൊണ്ട് അമേരിക്കയും ബ്രിട്ടനും രംഗത്തു വന്നിട്ടുണ്ട്.
യുക്രൈന് നംഗരമായ ക്രമറ്റോസിലും വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുക്രൈനില്‍ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തന്നെയാണ് പ്രഖ്യാപിച്ചത്. തടയാന്‍ ശ്രമിക്കുന്നവര്‍ സൈന്യം മറുപടി നല്‍കുമെന്നും ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിന്‍ വെല്ലുവിളിച്ചിട്ടുണ്ട്.
എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‌ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിന്‍ നിര്‍ദേശം നല്‍കിയത്. പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈന്‍ തേടിയിട്ടുണ്ട്.
രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനില്‍ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിന്റെ വിശദീകരണം.
ഇതിനോടകം യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമതപ്രവിശ്യകളില്‍ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക നടപടി പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ ക്രീവില്‍ സ്‌ഫോടനശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ക്രീവില്‍ തുടര്‍ച്ചയായി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. സര്‍വ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാന്‍ യുക്രൈന് സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയും നാറ്റോയും വിഷയത്തില്‍ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.