ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം മോഷണം. ഹൈദരാബാദിൽ നടന്ന സംഭവത്തിൽ വീട്ടുജോലിക്കാരിയായ ഭാര്‍ഗവിയെ (32) പോലീസ് അറസ്റ്റ് ചെയ്തു.
സെക്കന്ദരാബാദിലെ നച്ചാറത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഹേമാവതി എന്ന 73-കാരിയാണ് ആക്രമണത്തിനിരയായത്. ഇവരുടെ മകന്‍ ശശീധര്‍ ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഭാര്‍ഗവിയെ വീട്ടില്‍ ജോലിക്കായി വെച്ചത്.
ഭാര്‍ഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഹേമാവതിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഹേമാവതി കണ്ണില്‍ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിനായി ഭാര്‍ഗവിയുടെ സഹായം തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഭാര്‍ഗവി മരുന്നിന് പകരം വെള്ളത്തില്‍ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാര്‍പിക് ദ്രാവകവും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം ഹേമാവതിയുടെ കണ്ണില്‍ ഒഴിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.
കുറച്ച് ദിവസങ്ങള്‍കൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച മങ്ങി തുടങ്ങി. തുടര്‍ന്ന് മകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സമീപത്തെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. രണ്ടു തവണ സമീപത്തെ ആശുപത്രിയില്‍ പോയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ഹേമാവതിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മകന്‍ ശശീധര്‍ 73-കാരിയെ എല്‍വി പ്രസാദ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ ദ്രാവകം കണ്ണില്‍ വീണതിനെ തുടര്‍ന്നാണ് അന്ധത ബാധിച്ചതെന്ന് പരിശോധനക്ക് ശേഷം ഇവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കുടുംബം ജോലിക്കാരിയെ സംശയിച്ചു തുടങ്ങി.
പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഭാര്‍ഗവിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. 40000 രൂപയും രണ്ട് സ്വര്‍ണ വളകളും ഒരു സ്വര്‍ണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ബുധനാഴ്ചയാണ് ഭാര്‍ഗവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ റിമാന്‍ഡിലയച്ചു.