തിരുവനന്തപുരം: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പിസിയെ നിലവിൽ എറണാകുളം എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതൽ സുരക്ഷിതമെന്നാണ് കണക്കുകൂട്ടൽ.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം പിസി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തില്‍ തന്നെയാണ് പിസി ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.
തിരുവനന്തപുരത്തെ മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പിസി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷം വെണ്ണലയില്‍ സമാന പ്രസംഗം നടത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ചൂണ്ടിക്കാണിച്ചു. ഈ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു. അനിവാര്യമെങ്കില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്. ഇതിനിടെ പാലാരിവട്ടം സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തിയ പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.