കൊച്ചി: തൃക്കാക്കരയിൽ പോളിംഗ് ശതമാനത്തിലെ കുറവ് എൽ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.
താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. വോട്ടിംഗ് ശതമാനം കുറഞ്ഞാലും കൂടിയാലും അത് അനുസരിച്ച് തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുന്നതൊന്നും എളുപ്പമല്ല, തോമസ് പറഞ്ഞു. ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവർത്തിച്ചു. പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണം നടത്തിയത്.
ഇതായിരുന്നോ പി ടി പുലർത്തിയ കാഴ്ചപ്പാട്. ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് കുറ്റപ്പെടുത്തി.
അതേസമയം പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിൽ സ്ഥാനാർഥികൾ. തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും എൽഡിഎഫ്‍ സ്ഥാനാർഥി ജോ ജോസഫും അവകാശപ്പെട്ടു. തൃക്കാക്കരയിൽ ഇത്തവണ 68.75 ശതമാനമായിരുന്നു പോളിങ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. വെള്ളിയാഴ്ചയാണ് ഇവിടെ വോട്ടെണ്ണൽ. മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
പോളിങ് ശതമാനം കുറഞ്ഞത് പ്രതിന്ധിയാകില്ല. പോസ്റ്റൽ വോട്ടുകൾ ഇല്ലാതിരുന്നതും വലിയൊരു ശതമാനം വോട്ടർമാർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായത്. എന്നിരുന്നാലും മികച്ച ഭൂരിപക്ഷം ലഭിക്കും’ – യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു.
പോളിങ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫും അവകാശപ്പെട്ടു. പാർട്ടി വോട്ടുകൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോർപറേഷൻ മേഖലയിലാണ് പോളിങ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇന്ന് വിശ്രമിച്ച് നാളെ മുതൽ ആശുപത്രിയിൽ തിരികെ ജോയിൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.