ന്യുഡൽഹി :പ്രശസ്ത ഗായകന് കൃഷ്ണകുമാര്‍ കുന്നത്ത് (കെകെ)കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി.മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഗീത പരിപാടിക്കു തൊട്ടുപിന്നാലെയാണ് ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ (53) ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും.ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചു.
രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും സൂചനയുണ്ട്.
വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെകെ പരിപാടിക്കിടെ സംഘാടകരോടു പരാതിപ്പെട്ടിരുന്നു.ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.പരിപാടിക്കിടെ കെകെ വിശ്രമത്തിനായി ഇടവേളയെടുത്തിരുന്നു. ഹോട്ടലിലേക്കു മടങ്ങുമ്പോള്‍ വാഹനത്തിലെ എസി ഓണാക്കിയപ്പോള്‍ തണുക്കുന്നുവെന്ന് പറഞ്ഞു.
പരിപാടിക്കായി വന്‍ ജനാവലിയാണ് ഓഡിറ്റോറിയത്തില്‍ എത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ പൊലീസ് അഗ്നിശമനോപകരണം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആല്‍ബങ്ങളിലൂടെയും ജിംഗിളുകളി(പരസ്യഗാനങ്ങള്‍)ലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ.
സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര് റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.
ജീവിതത്തില്‍ യാതൊരു സംഗീതവും പ്രൊഫഷണലി പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്.റഹ്മാന് കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റെയും ആര്‍ഡി ബര്‍മന്റെയും കടുത്ത ആരാധകന് കൂടിയായിരുന്നു കെ.കെ.
തു ഹീ മേരി ശബ് ഹെ സുഭാ ഹെ, 2007ല്‍ ഈ ഗാനം ഇന്ത്യയൊട്ടാകെ അലയൊലികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയായിരുന്നുവെന്ന് പല മലയാളികള്‍ക്കും അറിയില്ലായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെ ആയിരുന്നു ആ ഗായകന്. പക്ഷേ അതിന് മുമ്പേ തന്നെ ബോളിവുഡ് ആ മധുര ശബ്ദത്തില്‍ വീണുപോയിരുന്നു. 53ാം വയസിലാണ് ആരാധകരെ ഞെട്ടലിലാക്കി കെ.കെയുടെ വിയോഗം.
ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണ് കെകെ ജനിച്ചത്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. നകുല്‍ കുന്നത്ത്,താമര കുന്നത്ത് എന്നിവരാണ് മക്കള്‍.