തിരുവനന്തപുരം: രാഷ്ട്രീയവൈരാഗ്യത്താൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആർ. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. മൂന്നാം പ്രതി സുനിത് കുമാര്‍ ഒളിവാണ്. വ ലിയതുറ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വധശ്രമത്തിനുള്ള വകുപ്പുകൾക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനെയും ആക്രമിച്ചെന്നും എഫ്ഐആർ പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. രാഷ്ട്രീയ വിരോധം മൂലം മൂന്ന് പ്രതികളും മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ഗൂഢാലോചന നടത്തി, വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥനെ ദേഹോപദ്രവം ചെയ്തു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളും എഫ്ആറിലുണ്ട്.
മുഖ്യമന്ത്രിയെ വധിക്കണമെന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയവൈരാഗ്യത്താലാണ് ഇത്തരത്തിലൊരു ശ്രമം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്‍റെ നിർദേശങ്ങൾ പാലിക്കാതെയും പ്രതികൾ വിമാനത്തിനകത്ത് വച്ച് മുദ്രാവാക്യം വിളിച്ചു. നിങ്ങളെ ഞങ്ങൾ വച്ചേക്കില്ലെടാ എന്ന് പറഞ്ഞ് 20 എ എന്ന സീറ്റിലിരുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതികൾ പാഞ്ഞടുത്തുവെന്നും എഫ്ഐആർ പറയുന്നു.
വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു. എന്നാൽ പൊലീസിന് കൃത്യമായ പരിശോധന നടത്തിയതിൽ വീഴ്ച വന്നതായാണ് സൂചന. കൃത്യമായി വിവരങ്ങൾ കിട്ടിയിട്ടും പ്രതിഷേധമുണ്ടാകുമെന്ന് കണക്കുകൂട്ടി കൃത്യമായ സുരക്ഷ വിമാനത്തിലൊരുക്കാൻ പൊലീസിനായില്ല എന്നും ആരോപണം ഉണ്ട്