തൊടുപുഴ ∙ ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50,000 ലീറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്. പത്ത് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.20 അടിയാണ്.
റൂൾ കർവ് പരിധി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. 50000 ലിറ്റർ വെള്ളം സെക്കൻഡിൽ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടിൽ നിന്ന് വെള്ളം എത്തിയാലും പെരിയാറിൽ ഒന്നരേടിയോളം മാത്രമാണ് ജലനിരപ്പ് ഉയരുക.
ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടിസ് നൽകുകയും 26 ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ചെറുതോണിയിൽ ഷട്ടർ തുറന്നാൽ വെള്ളം ഒരു മണിക്കൂർ 10 മിനിറ്റുകൊണ്ട് എറണാകുളം ജില്ലയിലെ കവലങ്ങാട് എത്തും. 4 മണിക്കൂറിൽ കാലടിയിലും 9 മണിക്കൂറിൽ ആലുവയിലും 12 മണിക്കൂറിൽ വരാപ്പുഴയിലും എത്തുമെന്നാണ് കണക്കുകൂട്ടൽ. ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ഡാം തുറക്കുന്നതെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് കൂടുകയും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറക്കുകയും ചെയ്തതോടെയാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിൽ 10 ഷട്ടറുകളാണ് വെള്ളിയാഴ്ച ഉച്ചയോടെ തുറന്നത്. ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ മൂന്നെണ്ണം അധികമായി 0.50 മീറ്റർ വീതം ഉയർത്തി. ഇതോടെ ആകെ 2754 ക്യുസെക്സ് ജലം പുറത്തു വിടുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.