കണ്ണൂർ : രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സ്വർണം കവർന്ന സംഘത്തിലെ പ്രധാന കണ്ണി അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വർണം പൊട്ടിക്കൽ എന്ന കോഡ് വാക്കിലാണ് സ്വർണ കവർച്ചയെ സംഘം വിശേഷിപ്പിക്കുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്ന വിശദാംശങ്ങളുള്ളത്.
സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രമാണ് നടക്കുന്നത് എന്നും സ്വര്‍ണം കടത്താന്‍ വന്ന മറ്റൊരു സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടമുണ്ടായത് എന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
ഈ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ നിര്‍ണായക കണ്ണി അര്‍ജുന്‍ ആയങ്കിയാണ്. സംഭവത്തിന് പിന്നിലെ മുഴുവന്‍ തെളിവുകളും അടങ്ങിയ ഐ ഫോണ്‍ അര്‍ജുന്‍ ആയങ്കി നശിപ്പിച്ചതായും 75 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ കസ്റ്റംസ് പറയുന്നു. സ്വര്‍ണക്കടത്തില്‍ കൊടി സുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ട് എന്നും കസ്റ്റംസ് പറഞ്ഞു.
സ്വര്‍ണം കവര്‍ന്നാല്‍ ഷാഫി നേരിട്ട് വിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തും. ഷാഫിയും കൊടി സുനിയും സുരക്ഷ നോക്കും എന്ന് കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
സുരക്ഷയ്ക്ക് പുറത്ത് വേറേയും ആള്‍ക്കാര്‍ ഉണ്ടാകും എന്നും സ്വര്‍ണം കവരാന്‍ അര്‍ജുന്‍ ആയങ്കി അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത് എന്നും ഷഫീഖിന്റെ മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. 2021 ജൂണ്‍ 21 നാണ് രാമനാട്ടുകരയിലെ വാഹനാപകടം നടക്കുന്നത്.
പാലക്കാട് സ്വദേശികളായ അഞ്ച് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൊലറോ ജീപ്പ് ലോറിയില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബൊലറോ ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ പാലക്കാട് സ്വദേശികളാണ് എന്ന് വ്യക്തമായതോടെ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നത് എന്ന ചോദ്യം ഉയര്‍ന്നു.