തിരുവനന്തപുരം : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂര്‍ നെഹ്റു കുടുംബത്തെ ദുരുപയോഗം ചെയ്തെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാൻ തരൂരിനെ രാജ്മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. താൻ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കിൽ തരൂര്‍ മാപ്പ് പറയാൻ തയ്യാറാവണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടര്‍ പട്ടിക എന്റെ കൈവശമുണ്ട്. പോളിംഗിന് വന്നവര്‍ ഒപ്പിട്ട ലിസ്റ്റും എന്റെ കൈവശമുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ അധികമായി വോട്ട് ചെയ്തുവെന്ന് തെളിയിച്ചാൽ ഞാൻ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം.