തിരുവനന്തപുരം: വിഡി സതീശന്റെ തരൂർ വിരുദ്ധ നീക്കത്തിനെതിരെ പാർട്ടിയിലും കോൺഗ്രസ്സ് പ്രവർത്തകർക്കിടയിലും കടുത്ത പ്രതിഷേധം ഉയരുമ്പോൾ തരൂർ പാർട്ടി പരിപാടികളിൽ സജീവമാവുകയാണ് .മേയര്‍ ആര്യാ രാജേന്ദ്രനെതിരായ യുഡിഎഫ് സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍. സമരത്തില്‍ പങ്കെടുക്കുന്നതിന് കാലതാമസം സംഭവിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. നവംബര്‍ ഏഴിന് ആദ്യമായി മേയറുടെ രാജി ആവശ്യപ്പെട്ടത് താനാണെന്നും ഇത് വിസ്മരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തരൂര്‍ മറുപടിയായി പറഞ്ഞു.
രാജ്യത്താകെയും കേരളത്തിലുമായി നിരവധി പരിപാടികളുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത് കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്തെത്തി ഉടന്‍ തന്നെ സമരത്തില്‍ പങ്കാളിയായി. എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നില്ലെന്ന പരാമര്‍ശം ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിയേയും വിമര്‍ശിക്കുമെന്ന് തരൂര്‍ പറഞ്ഞു. മേയര്‍ക്കെതിരെയും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. മേയര്‍ സിപിഐഎം പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും തരൂര്‍ പറഞ്ഞു.