തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യതൊഴിലാളികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ . അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.ഐ.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ വിമോചന സമരം ഉണ്ടാകുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. അഴിമതിയുടെ മുഖമായി പിണറായിയുടെ സർക്കാർ മാറിയെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യതൊഴിലാളികളുടെ കൂടെ കോൺഗ്രസ് നിൽക്കുമെന്നും അന്തിമമായ പോരാട്ടത്തിന് ആവശ്യമെങ്കിൽ കോൺഗ്രസ് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊള്ളക്കാരുടെ ഭരണത്തിൽ നിന്ന് മോചനം വേണം എന്നതാണ് പ്രധാന കാര്യമെന്നും അത്തരക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കിയ കാലഘട്ടം കോൺഗ്രസിനുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. മത്സ്യത്തൊഴിളികളെ പൊലീസ് മർദ്ദിച്ചതിന്‍റെ പെട്ടെന്നുണ്ടായ പ്രതികരണമാണ് വിഴിഞ്ഞത്ത് നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം നേരത്തെ വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചിത്രത്തിലുള്ള മറ്റൊരു വൈദികന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അര്‍ബന്‍ നക്‌സലൈറ്റുകളായും മോദി സര്‍ക്കാര്‍ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വര്‍ഷമായി സിമെന്റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവര്‍ത്തനമായി പിണറായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താല്‍ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയില്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.