മലപ്പുറം : യുഡിഎഫ് നേതൃസ്ഥാനം വരുതിയിലാക്കാൻ മുസ്ലിം ലീഗ് നീക്കം ശക്തമാക്കി .കോൺഗ്രസ് ദുർബലമായിരിക്കുമ്പോൾ കൂടുതൽ ശക്തരായ ലീഗിന് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കാൻ കഴിയും എന്ന് വിലയിരുത്തുന്നവരുണ്ട് അതിനാൽ ഇപ്പോൾ കോൺഗ്രസിന്റെ കടിഞ്ഞാൺ കൂടി ലീഗ് ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.
ശശി തരൂരിന്റെ മലബാർ പര്യടനം കോണ്‍ഗ്രസിൽ വൻ വിവാദം ഉയർത്തിയിരുന്നു. എന്നാൽ തരൂരിനോടു ചേർന്നു നിൽക്കുന്ന സമീപനമാണ് ലീഗ് കൈക്കൊണ്ടത്. അതിനു പിന്നാലെ തെക്കൻ ജില്ലകളിലെ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്ത് തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടിയോട് കോട്ടയം ഡിസിസി ഇടഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു.
പ്രശ്നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിനുളളിലെ വിഭാഗീയത പ്രധാന വിഷയമായി. വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു . ശശി തരൂരിന്റെ പരിപാടികളുടെ പേരിൽ കോണ്‍ഗ്രസിൽ നടക്കുന്ന പരസ്യ വിമർശനങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് മുസ്‌ലിം ലീഗ് നിരീക്ഷിച്ചു . വിഷയം അടങ്ങി എന്നു കരുതിയപ്പോഴാണ് കോട്ടയത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നതിൽ വിഷമം ഉണ്ടെന്നും ലീഗ് നേതാക്കൾ അറിയിച്ചു.
നിയമസഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടേതായ അഭിപ്രായമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്ന് പിഎംഎ സലാമും വിശദീകരിച്ചു.
ശശി തരൂരിന്റെ പരിപാടികൾ നടക്കുമ്പോൾ കോൺഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. യുഡിഎഫിന്റെ പ്രവർത്തകർക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കൾ രണ്ടു തട്ടിൽനിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണകരമല്ല എന്ന നിലപാടാണ് ലീഗിന്.