കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച ഇടനിലക്കാരൻ കണ്ണൂർ സ്വദേശി വിജേഷ് പിള്ള! വിജയ് പിളളയെന്നാണ് പരിചയപ്പെടുത്തിയതെന്നാണ് സ്വപ്ന ഫേസ് ബുക്ക് ലൈവിൽ പറയുന്നത്. വിജേഷ് പിള്ളയെക്കുറിച്ച് കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ പ്രവർത്തിച്ച ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ളയെന്നാണ് പുറത്ത് വരുന്ന വിവരം.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിജേഷ് പിള്ള രംഗത്ത് . സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നതായി വിജേഷ് പിള്ള ന്യൂസ്18 നോട് പ്രതികരിച്ചു. സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ലെന്നും സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒ.ടി.ടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് പോയതെന്ന് വിജേഷ് വ്യക്തമാക്കി. സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നതായും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞതായും വിജേഷ് പറഞ്ഞു.
അതേസമയം
ഓഫീസ് തുറക്കാൻ 2017 ലാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്ന് കൊച്ചിയിലെ ഇയാളുടെ സ്ഥാപനം പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഉടമ ജാക്സൺ മാത്യു വ്യക്തമാക്കി. 2017 ലാണ് ഡബ്ല്യു ജി എൻ എന്ന പേരിൽ വിജേഷ് പിള്ള സ്ഥാപനം നടത്തിയത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യും എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു വ്യക്തമാക്കി.
അതേസമയം സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല എന്നും വിജേഷ് പിള്ള പറഞ്ഞു .ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നയുടെ തുടർ നടപടികൾ വീക്ഷിച്ച ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി വിജേഷ് പിള്ള എന്നൊരാൾ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ഇന്ന് വെളിപ്പെടുത്തിയിരുന്നു.കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റ് വിവരങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു.