ബംഗളൂരു: തക്കാളി മോഷണക്കഥകള്‍ തുടര്‍ക്കഥയാവുകയാണ്. ബംഗളൂരു ആര്‍വില്‍ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികളുടെ കേസാണ് ഇതില്‍ ഒടുവിലത്തേത്. സംഭവത്തില്‍ എം സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തക്കാളി കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ഭാസ്‌കര്‍, സിന്ധുജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിജാലക്ക് സമീപം ആര്‍എംസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 8നായിരുന്നു സംഭവം. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്നും കോലാര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികള്‍ മോഷ്ടിച്ചത്. 2.5 ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളിയായിരുന്നു ലോറിയില്‍. വണ്ടിയില്‍ തക്കാളി കണ്ട ദമ്പതികള്‍ ലോറി പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കര്‍ഷകനെയും ഡ്രൈവറെയും ആക്രമിച്ച് ലോറി കടത്തുകയുമായിരുന്നു. ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ട പ്രതികള്‍ ഇത് മൊബൈലിലൂടെ ട്രാന്‍സ്ഫറും ചെയ്യിച്ചു. കുറച്ച് ദൂരം കര്‍ഷകനുമായി പിന്നിട്ട ശേഷം ഇയാളെ വഴിയിലിറക്കി ലോറിയുമായി പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയും തക്കാളികള്‍ ഇവിടെ വില്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.