തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശരേഖ. പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരട് പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചു എന്നാണ് വിവരാവകാശരേഖ. നിയമന രീതി കേസില്‍ പെടുക കൂടി ചെയ്തതോടെ പ്രിന്‍സിപ്പല്‍ നിയമനം ഇനിയും വൈകുമെന്ന് ഉറപ്പായി.
മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടിയത് 43 പേരാണ്. ഇവരെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ഇതിന് പി എസ് സി അംഗീകാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനുശേഷമാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. ഫയല്‍ ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പി എസ് സി അംഗീകരിച്ച പട്ടികയെ കരട് പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഫയല്‍ വഴിയായിരുന്നു നിര്‍ദ്ദേശം. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്തിമ പട്ടികയെ കരട് പട്ടികയാക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരിയില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് യുജിസി ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടി ആയിരുന്നു.
ഇതിനിടെ പട്ടികയിലെ ആറാം റാങ്ക് നേടിയ ആള്‍ക്ക് ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ മറ്റാരെയും നിയമിച്ചില്ല. ഇതോടെ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടികയിലുള്ള 7 പേര്‍ നല്‍കിയ കേസും ആദ്യ സെലക്ഷനില്‍ അയോഗ്യരായവരെ മാത്രം പരിഗണിക്കുന്നതിന് വേണ്ടി സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതിനെതിരെ നാല് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയും കേരള അഡ്മിനിസ്ട്രേറ്റര്‍ ട്രൈബ്യൂണലിന്റെ മുന്നിലെത്തി. 43 പേരുടെ പട്ടികയില്‍ നിന്നേ നിയമനം നടത്താവൂ എന്നും അതിനുശേഷമുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എല്ലാവരെയും പരിഗണിക്കണമെന്നും കഴിഞ്ഞ 24 ഇടക്കാല വിധിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ല.