കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു . ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിലെ നിര്‍ണായക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിയോ, മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധം, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിക്കും.
രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ചും ദിലീപില്‍ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.
ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം പുറത്ത് വന്നിരുന്നു .കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.