തിരുവനന്തപുരം: അമ്പലമുക്കിലെ ചെടികള്‍ വില്‍ക്കുന്ന കടയിലെ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശിയായ രാജേഷിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെപിടികൂടിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.
ഇയാള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെഅടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം പുരോഗമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പോലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിക്കുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പേരൂര്‍കടയിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍.
കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന സമയത്ത് ആ പരിസരത്ത് വന്ന ആള്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളാണോ കൊലപാതകത്തിന് പിന്നില്‍, എന്താണ് കാരണം തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മാല മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.