തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന എ.വി ഗോപിനാഥ് സിപിഎമ്മിലേക്ക് .മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മുൻ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥ്. കോൺഗ്രസ് വിട്ട ഗോപിനാഥും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. അതേസമയം രാഷ്‌ട്രീയം ചർച്ചയായില്ലെന്ന് ഗോപിനാഥ് പ്രതികരിച്ചു.
പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരക ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ പോയതാണ് താനെന്ന് ഗോപിനാഥ് വ്യക്തമാക്കി. ജനുവരിയിൽ പരിപാടിയിൽ സംബന്ധിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് എ.വി ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നും തടസ്സമായി നിൽക്കുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഗോപിനാഥിന്റെ രാജി. പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവേണ്ടി വന്നാലും അഭിമാനമാണെന്നും രാജിവെച്ച വേളയിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.
കോൺഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചതെന്നും പക്ഷേ മനസ്സിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം രാജി സമയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു . എ.വി.ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെ പേര്‍ എഐസിസിക്കും കെപിസിസിക്കും കത്തയച്ചു. എ.തങ്കപ്പനാണ് പാലക്കാട് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കെ.സി. വേണുഗോപാൽ ഉൾപ്പെടെ നേതാക്കളുമായി ചർച്ചയും നടത്തിയിരുന്നു.ഗോപിനാഥ് സിപിഎമ്മിൽ എത്തിയാൽ പാലക്കാട് നിയമസഭാ മണ്ഡലവും അടുത്ത് നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലവും ഈസിയായി സിപിഎമ്മിന് ലഭിക്കും