ഡൽഹി: വയനാട്ടിലേക്ക് ബുധനാഴ്ച നടത്താനിരുന്ന രാഹൂൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം മാറ്റി വെച്ചു. നേരത്തെ ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ബുധനാഴ്ച എത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്ദർശനം മാറ്റിവെച്ചതായി അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. ഈ വിഷമഘട്ടത്തിൽ എന്റെ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പവുമാണ്. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും ചെയ്തുവരികയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.