കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ വീണ്ടും മലയാറ്റൂർ മലകയറുന്നു. മലയാറ്റൂർ തിരുനാൾ ദിവസമായ ഇന്ന് രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറുക.
ദുഃഖ വെള്ളി ദിവസം മലകയറാൻ എത്തിയെങ്കിലും മലകയറ്റം പൂർത്തിയാക്കാൻ ആയിരുന്നില്ല. തുടർന്ന് വിമർശനമേറ്റതോടെയാണ് വീണ്ടും മലകയറുന്നത്. ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറിയെങ്കിലും കുരിശുമുടി കയറാതെ രാധാകൃഷ്ണൻ തിരിച്ചുപോന്നിരുന്നു.
ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പം മലകയറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, 14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ചു. മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നം വിമർശനമുയർന്നു.
ഇതിനുപിന്നാലെ ഫേസ്ബുക്കിൽ ‘ബിജെപി മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ദിനത്തിൽ സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത് തല പ്രവർത്തകർ മലയാറ്റൂർ മല കയറി’ എന്ന പേരിൽ ചിത്രം പോസ്റ്റ് ചെയ്തു.