കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ശക്തമായ തിരയില്‍ പിന്നീട് കരയ്ക്കടിയുകയായിരുന്നു. കരയ്ക്കടിഞ്ഞ നീലത്തിമിംഗലത്തെ കാണാന്‍ നിരവധി നാട്ടുകാര്‍ സ്ഥലത്തെത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടതെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞു. വെള്ളത്തില്‍ പൊങ്ങിക്കിടന്ന ജഡം പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പല്‍ തട്ടിയോ അസുഖം ബാധിച്ചോ ആയിരിക്കാം തിമിംഗലം ചത്തതെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യും.