സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാരും നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക. ദേശസുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്.
ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വണ്‍ ചാനലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍ വാദിച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തി, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സംപ്രേഷണ വിലക്കു ശരിവച്ചിരുന്നു.