കൊച്ചി:സംവിധായകൻ ഷാഫി അന്തരിച്ചു.അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
2001ലാണ് തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്‌തത്. ‘വൺമാൻഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. തുടർന്ന് തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും ഉൾപ്പെടും.
1968-ൽ എറണാകുളത്ത് ജനിച്ച ഷാഫി 1996-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ സഹ സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റാഫി- മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചു. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീൻ ആയിരുന്നു നായകൻ.