ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ 250 സീറ്റ് പിടിച്ചെടുക്കാൻ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. 250 സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന് വേണ്ടി കര്‍മ്മപദ്ധതി തയ്യാറാക്കും. 250 സീറ്റിൽ 150 സീറ്റിലെങ്കിലും ജയിക്കുകയാണ് ലക്ഷ്യം.
ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന സീറ്റുകളാണ് ഇതില്‍ ഭൂരിപക്ഷം. 120-130 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടിയാലെ പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം ചേര്‍ന്ന് ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാനാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ 543 സീറ്റുകളില്‍ 423 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ജയിക്കാന്‍ കഴിഞ്ഞത് 52 സീറ്റില്‍ മാത്രമാണ്.
പ്രാദേശിക കക്ഷികള്‍ക്ക് സ്വാധീനമുള്ള സീറ്റുകളില്‍ മത്സരിച്ച് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന പൊതുഅഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാകും. വരും ദിവസങ്ങളില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. വിവിധ നേതാക്കളെ ഇതിന് വേണ്ടി ചുമതലപ്പെടുത്തും. ഇക്കാര്യത്തിന് തുടക്കമിട്ട് കെസി വേണുഗോപാല്‍ ഉദ്ദവ് താക്കറേയുമായി ചര്‍ച്ച നടത്തും.
കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലും കഴിഞ്ഞ തവണ നേടിയ മുഴുവന്‍ സീറ്റുകളിലും വിജയിക്കുക, രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 181 സീറ്റുകളില്‍ കോണ്‍ഗ്രസ് മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം. ഇവിടെ ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കലാണ് ലക്ഷ്യം. മഹാരാഷ്ട്രയിലും മറ്റും പ്രതിപക്ഷ കക്ഷികളുമായുള്ള ബന്ധം സീറ്റുകള്‍ നേടിത്തരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. യുപി, ഗുജറാത്ത്, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റുകളൊന്നും കാര്യമായി പ്രതീക്ഷിക്കുന്നില്ല. യുപിയില്‍ ഇത്തവണ എസ്പി കുറച്ചു സീറ്റുകള്‍ അധികം നേടുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. തൃണമൂലിന് മാത്രമേ ബംഗാളില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയൂ എന്നും കോണ്‍ഗ്രസ് സമ്മതിക്കുന്നു.