കോർക്ക് :കൊടും ഭീകരന്മാർ കഴുത്തിന് കത്തി കാട്ടി പണം അപഹരിക്കുന്ന തരത്തിൽ അയർലണ്ടിൽ എത്തിയ സീറോ മലബാർ സഭ വിശ്വാസികളെ കൂദാശകളുടെ പേരിൽ മുൾമുനയിൽ നിർത്തി പണം സമ്പാദിക്കാനുള്ള അയർലന്റിലെ സീറോ മലബാർ സഭ നേതൃത്വത്തിന് കനത്ത പ്രഹരം.അയർലണ്ടിൽ സീറോ മലബാർ സഭയില്ലെന്ന് അയർലന്റിലെ കോർക്ക് ആൻഡ് റോസ് രൂപത അധ്യക്ഷൻ മാർ. ഫിന്റൻ ഗാവിൻ അസന്നിത്തമായി പ്രഖ്യാപിച്ചു.വെറും കമ്മ്യൂണിറ്റി മാത്രം.
കൂദാശകളുടെ പേരിൽ വിശ്വാസികളെ പിഴിയാനിറങ്ങിയ വിവാദ വൈദികൻ സിബി അറക്കലിനും , ഫാ മൈക്കിൾ പാടത്തിപറമ്പിലിനും എല്ലാത്തിനും ഒത്താശ കൊടുത്ത് നിലകൊണ്ട മാർ സ്റ്റീഫൻ ചിറപ്പണത്തിനും കനത്ത പ്രഹരം ആണ് കിട്ടിയിരിക്കുന്നത് .അയർലണ്ടിൽ സീറോ മലബാർ സഭയില്ല വെറും കമ്മ്യൂണിറ്റി മാത്രം സീറോ സഭ വിശ്വാസികൾ ഐറീഷ് സഭയുടെ കീഴിൽ മാത്രമാണ് എന്നും കോർക്ക് ആൻഡ് റോസ് രൂപത അധ്യക്ഷൻ മാർ. ഫിന്റൻ ഗാവിൻ വ്യക്തമാക്കി.
കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ ഒന്നര വർഷമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായി. ഔദ്യോഗികമായി സീറോ മലബാർ സഭ രൂപം കൊണ്ടിട്ടില്ലാത്ത അയർലണ്ടിൽ സഭയുടെ പേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സഭയെന്നു തെറ്റിദ്ധരിപ്പിച്ചു പണംപിരിക്കാനുള്ള ശ്രമത്തെ കോർക്കിലെ വിശ്വാസികൾ സഭയുടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എങ്കിലും തെറ്റിദ്ധരിപ്പിക്കലും എതിർപ്പുന്നയിച്ചവരെ ഒറ്റപ്പെടുത്തലും തുടർന്നതോടെ അയർലണ്ടിലെ നുൺഷ്യോ അടക്കമുള്ളവർക്ക് ഔദ്യോഗികമായി പരാതികൊടുത്തിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിനുള്ള ചർച്ചയ്ക്ക് വഴിതെളിഞ്ഞതെന്നു കോർക്കിലെ കമ്മ്യൂണിറ്റി അംഗങ്ങൾ വെളിപ്പെടുത്തി. കോർക്ക് ആൻഡ് റോസ് രൂപത അധ്യക്ഷൻ മാർ. ഫിന്റൻ ഗാവിൻ മുൻകൈയ്യെടുത്ത് യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തു മെത്രാനുമായും കോർക്കിലെ വിശ്വാസികളുമായും ചർച്ചകൾ നടത്തുകയായിരുന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന മാരത്തൺ ചർച്ചകളിൽ മെത്രാൻമാരെ കൂടാതെ സെക്രട്ടറി ഫാ. മൈക്കിൾ കീഹേയ്ൻ, അയർലണ്ടിലെ സീറോമലബാർ വിശ്വാസികളുടെ നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ക്ലമൻ്റ് പടത്തിപറമ്പിൽ , കമ്മ്യൂണിറ്റിയുടെ തുടക്കംമുതൽ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച വിശ്വാസികൾ, കമ്യുണിറ്റിയുടെ ചാപ്ലെൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ചർച്ചകളിൽ മുഴുവൻ സമയവും Br. Martin മോഡറേറ്റർ ആയിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ ചർച്ചകൾക്കൊടുവിലാണ് സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടായത്.
മെത്രാന്മാരുടെ ചർച്ചയിൽ ധാരണയായ കാര്യങ്ങൾ ശനിയാഴ്ച്ചത്തെ ചർച്ചാ മധ്യേയും ഞായറാഴ്ച കുർബാനക്ക് ശേഷവും മെത്രാന്മാർ പ്രസ്താവിച്ചു. കോർക്കിലേത് സീറോ മലബാർ സഭയല്ല, സഭയുടെ കമ്മ്യൂണിറ്റിയാണെന്നും ആ സമൂഹത്തിന്റെ അജപാലനത്തിനായി മാർ ചിറപ്പണത്തു നിർദ്ദേശിക്കുന്ന വൈദീകനെ കോർക്ക് രൂപതയുടെ അധ്യക്ഷനെന്ന നിലയിൽ താനാണ് നിയമിച്ചിരിക്കുന്നതെന്നും തൻ്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മാർ. ഫിന്റൻ ഗാവിൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. കോർക്കിലെ സീറോ മലബാർ സഭയുടെ പേരിലുള്ള ട്രസ്റ്റ് സഭയാണെന്നും, ട്രസ്റ്റാണ് ഇനിമുതൽ സേവനങ്ങൾ നല്കുന്നതെന്നുമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കമ്മ്യൂണിറ്റിയിലെ ആർക്കും കുർബാനയടക്കമുള്ള കൂദാശകളോ വേദപാഠമോ നിഷേധിക്കപ്പെടാൻ പാടില്ലെന്നും ഫിന്റൻ മെത്രാൻ എടുത്തുപറഞ്ഞു. ട്രസ്റ്റിനെ തെറ്റായ രീതിയിലാണ് അവതരിപ്പിച്ചതെന്നും ട്രസ്റ്റ് കമ്മ്യൂണിറ്റിയുടെ കീഴിലാണ് വരുന്നതെന്നും വ്യക്തമാക്കി. കുട്ടികൾക്ക് വേദപാഠം നൽകുന്നതുമായി ബന്ധപ്പെട്ട് പല തെറ്റുകളും ഉണ്ടായിട്ടുണ്ട്. അത് ഇനി ആവർത്തിച്ചുകൂടാ. കൂടാതെ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ ഭരണപരമായ മറ്റെന്തെങ്കിലും പരാതികളോ ഉണ്ടെങ്കിൽ കോർക്ക് ബിഷപ്പിനെ നേരിട്ടു അറിയിക്കാവുന്നതാണെന്നും അറിയിച്ചു.
“തെറ്റുകൾ മനുഷികമാണ്, ക്ഷമ ചോദിക്കുന്നു”: മാർ ചിറപ്പണത്ത്
തലമുറകളിലൂടെ ലഭിച്ച വിശ്വാസം കത്തുസൂക്ഷിക്കുന്നതിൽ കോർക്ക് ആൻഡ് റോസ് രൂപതയിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും സേവനം ചെയ്തു വരുന്ന പുരോഹിതരെയും മാർ സ്റ്റീഫൻ ചിറപ്പണത്തു അഭിനന്ദിച്ചു. അതുപോലെ സീറോ മലബാർ സഭയുടെ കോർക്കിലെ അജപാലനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അവഗണനകളോ വേദനയോ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നുവെന്നും, മറക്കാനും പൊറുക്കാനും തയ്യാറായില്ലെങ്കിൽ സമൂഹത്തിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പക്ഷെ, അതു തുടർന്നും തെറ്റു ചെയ്യാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. എതിർപ്പ് അറിയിച്ചവർ സഭാവിരുദ്ധരാണെന്ന് വരുത്തിത്തീർക്കാൻ ഇമെയിൽ വഴിയും സോഷ്യൽ മീഡിയയിലൂടെയും ശ്രമങ്ങൾ നടന്നിരുന്നു. നിലവിലെ ചാപ്ലൈനായ ഫാ. ജിൽസൻ കോക്കണ്ടത്തിലിന് മാത്രമായിരിക്കും കമ്മ്യൂണിറ്റിയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള പൂർണ്ണമായ ചുമതലയെന്നും നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ ശരിയാക്കാൻ അദ്ദേഹത്തിനു സമയം കൊടുക്കണമെന്നും മാർ ചിറപ്പണത്തു അഭ്യർത്ഥിച്ചു.
കൈക്കാരന്മാർ രാജിവച്ചു
കമ്മ്യൂണിറ്റിയെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ വന്നതോടെ തങ്ങളെ തെറ്റിദ്ധരിപ്പിച്ചു കോർക്കിലെ സമൂഹത്തെ ഭിന്നിപ്പിച്ചവർക്കെതിരെ ശക്തമായ വികാരമാണ് ഉടലെടുത്തത്. ഫാ. സിബി നോമിനേറ്റ് ചെയ്ത രണ്ടു കൈക്കാരന്മാർ ഇന്നലെ രാജിവച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞയാളെ ഫാ. സിബി കൈക്കാരനാക്കിയിരുന്നു. അങ്ങനെയുള്ളവരടക്കം വിഭജനത്തിനും വിഭാഗീയതക്കും കൂട്ടുനിന്നവർ തൽസ്ഥാനങ്ങളിൽ തുടരുന്നത് സമൂഹത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ തടസ്സമാണെന്നു കോർക്കിലെ കമ്മിറ്റിയംഗങ്ങളുൾപ്പടെയുള്ള വിശ്വാസികൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ നടന്ന യോഗത്തിൽ ഫാ. സിബിയുടെ നേതൃത്വത്തിൽ കൈക്കാരന്മാർ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ തെറ്റായിരുന്നെന്നും കുർബാനയും വേദപാഠവും നിഷേധിക്കപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും യോഗത്തിൽ മെത്രാന്മാർ തുറന്നു സമ്മതിച്ചു. പണപ്പിരിവിന് വേണ്ടി സഭാ നിയമങ്ങൾ വളച്ചൊടിച്ചതും യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു. പണത്തിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളെ പൊതുയോഗത്തിൽനിന്നും അയോഗ്യരാക്കുന്ന നിയമം സീറോ മലബാർ സഭയുടെ പള്ളിയോഗനിയമത്തിൽ പോലുമില്ലാത്തതാണെന്നു ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതു പരിശോധിക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായി. ക്രൈസ്തവമല്ലാത്തതും സഭാനിയമങ്ങൾക്ക് വിരുദ്ധവുമായ രീതിയിൽ പ്രവർത്തിച്ചിരുന്ന പ്രതിനിധിയോഗത്തിനെതിരെ യോഗത്തിൽ പരാതികളുയർന്നു. തങ്ങൾക്ക്
അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ വിവരിക്കപ്പെട്ടത് ഞെട്ടലോടെയാണ് മെത്രാന്മാർ കേട്ടതെന്നു യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.
കേട്ടുകേൾവിയില്ലാത്ത പ്രവർത്തനങ്ങൾ
കമ്മ്യൂണിറ്റിയുടെയോ പൊതുയോഗത്തിന്റെയോ മെത്രാന്റെയോ അറിവ് കൂടാതെ “Syro Malabar Church of Cork” എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതിൽ ചേർന്നു പണം കൊടുക്കാത്തവർക്കു കുർബാനയും വേദപാഠവും നിഷേധിക്കാൻ ചാപ്ലൈനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. സിബി അറയ്ക്കലും അദ്ദേഹത്തിന്റെ നോമിനിമാരായ കൈക്കാരന്മാരും കൂടി തീരുമാനിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് ട്രസ്റ്റിന്റെ ആദ്യ ചെയർമാനായിരുന്ന ഡബ്ലിൻ രൂപതയിൽ പ്രവർത്തിക്കുന്ന പുരോഹിതൻ നേരത്തെ തൽസ്ഥാനമൊഴിഞ്ഞിരുന്നു.
തുടർന്ന് സമൂഹത്തിൽ നിന്നും വന്ന എതിർപ്പുകളെ മറികടക്കാൻ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്തുക, അധിക്ഷേപിക്കുക, മാമ്മോദീസ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ട്രസ്റ്റിന്റെ ഫോം ഒപ്പിട്ടു പണം കൊടുക്കണം എന്നാവശ്യപ്പെടുക തുടങ്ങിയ കുത്സിതമാർഗ്ഗങ്ങൾ സ്വീകരിച്ചതോടെ പ്രശ്നങ്ങൾ മറ്റൊരുതലത്തിലേക്ക് എത്തുകയായിരുന്നു. സീറോ മലബാർ കുർബാന നടക്കുന്ന പള്ളിയുടെ മുൻപിൽ വിശ്വാസികൾ പ്രതിഷേധിക്കുകയുണ്ടായി.
കാലതാമസം ഉണ്ടായെങ്കിലും തങ്ങൾ കൊടുത്ത പരാതിയിൽ നടപടികൾ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് കമ്മ്യുണിറ്റിയംഗങ്ങൾ പ്രതികരിച്ചു. കോർക്ക് കമ്മ്യൂണിറ്റിയിലെ അൻപതോളം കുടുംബങ്ങൾ ഒരുമിച്ചാണ് പണത്തിനുവേണ്ടി തങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ശ്രമത്തെ ചോദ്യം ചെയ്തത്. കുട്ടികളുടെ വേദപാഠം നഷ്ടപ്പെടുത്തുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്തിട്ട് എന്തു നേടിയെന്നു ഇതിനൊക്കെ ഉത്തരവാദികളായവർ ചിന്തിക്കണമെന്നു പരാതിയുന്നയിച്ചവർ ആവശ്യപ്പെട്ടു. തങ്ങൾ ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും അനുകൂലമായ നടപടി സഭാനേതൃത്വത്തിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. കേരളത്തിലെ സഭയിൽ നടക്കുന്നത് പോലെ തങ്ങൾക്ക് അനുകൂലമായ ചിലരെ മാത്രം ഉൾപ്പെടുത്തി ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു വിശ്വാസികളെ ചൂഷണം ചെയ്യാൻ നടത്തിയ ശ്രമങ്ങളാണ് അയർലണ്ടിലെ വിശ്വാസികൾക്കാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കലാശിച്ചത്.