ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈന, ഹോങ്കോങ്ങ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ് ലാന്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കായിരിക്കും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാകുന്നത്.
ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനാ ഫലം എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ് തത് പരിശോധിയ്ക്കുന്നുണ്ട്. കൂടുതൽ രാജ്യങ്ങൾക്ക് നിബന്ധന ബാധകമാക്കണമോ എന്ന കാര്യവും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിയുന്ന അടുത്ത 40 ദിവസം രാജ്യത്ത് നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു.
സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയതാണ്. ചൈനയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ് കൂടുതൽ രാജ്യങ്ങൾ. ചൈനയിൽ നിന്നുള്ള യാത്രക്കാരിൽ കൊവിഡ് പരിശോധന നടത്തുമെന്ന് സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു.
സന്ദർശകരിൽ കൊവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് സ്പെയിൻ. യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ കൊവിഡ് നിയമങ്ങൾ കർശനമാക്കുന്നത്. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് പരിശോധനകൾ ഒഴിവാക്കാം.
എന്നാൽ സ്പെയിനിൽ ചില ചൈനീസ് വാക്സിനുകൾ അംഗീകരിക്കില്ല. ചൈനയിൽ നിന്ന് യുകെയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ചൈനയിൽ നിന്നുള്ള യാത്രക്കാർ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയിൽ എത്തി ആദ്യ ദിവസം തന്നെ ഇവർ പിസിആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.