പത്തനംതിട്ട : പത്തനംതിട്ടയിലെ അക്രമണത്തില്‍ കടുത്ത വിമർശനവുമായി സിപിഐ രംഗത്ത്. കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളേയും പ്രവർത്തകരേയും അക്രമിച്ച ഡി വൈ എഫ് ഐ നടപടിക്കെതിരെയാണ് സിപിഐ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ബഹുകക്ഷി രാഷ്ട്രീയ വ്യവഹാരത്തില്‍ സംഘര്‍ഷങ്ങള്‍ അസാധാരണമെന്ന് പറയാനാവില്ല എന്ന് സിപിഐ പറയുന്നു. സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരം താഴുന്നതുമാണ് സമൂഹത്തെ അസ്വസ്ഥമാക്കുന്നതെന്ന് സി പി ഐ പറയുന്നു.
ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത് എന്നും രാജ്യത്തിന്റെ പല ഭാഗത്തും തീവ്ര വര്‍ഗീയതയും അക്രമാസക്ത ദേശീയതയും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണ് അത് എന്നും സിപിഐ ആരോപിച്ചു.
സംഘടനയുടെ നേതൃത്വം അത്യന്തം ഹീനമായ ആക്രമണത്തെയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രോഗാതുരമായ മാനസികാവസ്ഥയേയും അപലപിക്കാന്‍ ഇനിയും മുന്നോട്ടു വന്നിട്ടില്ലെന്നതും തെറ്റാണെന്ന് സിപിഐ പറയുന്നു.
ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സി പി ഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍ എന്നും സിപിഐ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഫലത്തില്‍ മുന്നണിയേയും അത് നേതൃത്വം നല്കുന്ന സര്‍ക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത് എന്നും സിപിഐ ആരോപിച്ചു.
അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സി പി ഐ പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതാണ് സിപിഐ യെ ഇത്തരമൊരു വിമർശനം ഉന്നയിപ്പിക്കാൻ പ്രേരിപ്പിച്ചത്.