കൊച്ചി∙ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ദിലീപിന്റെ ഫോണുകൾ മജിസ്ട്രേട്ടിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐഎംഇഐ നമ്പർ ഒത്തുനോക്കിയായിരുന്നു പരിശോധന. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.
ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
ജാമ്യപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു. എന്നാൽ ദിലീപിന് അറസ്റ്റിൽനിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപണം.
അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു എന്നും ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷൻ.
കേരളത്തിൽ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസിൽ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നുമാണ് ദിലീപിന്റെ ആരോപണം.
കോടതിയുടെ മേൽനോട്ടത്തിൽ ഫോറൻസിക് പരിശോധന നടത്തണം എന്നതാണ് ദിലീപിന്റെ ആവശ്യം. കേരളത്തിലെ ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തുന്നതിനെയും ദിലീപ് എതിർക്കുന്നു. എന്നാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണം എന്നതാണ് പ്രോസിക്യൂഷൻ ആവശ്യം. കേസിലെ എല്ലാ വശങ്ങളും പരിഗണിച്ച് ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി.