ലൈംഗികപീഡന പരാതിയെത്തുടര്‍ന്ന് യുവസംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായത് ഡബ്‌ള്യു.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍.ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ടിന്റെ കണ്ണൂര്‍ മട്ടന്നൂരിലെ ലെക്കേഷനില്‍നിന്നും ലിജുവിനെ കസ്റ്റഡിയില്‍ എടുത്തത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമായ യുവതി ലിജുവുമായി അടുക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 2020 ജൂണില്‍ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലും ഡിസംബറില്‍ എടത്തലയിലെ ഹോട്ടലിലും 2021 ജൂണില്‍ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയില്‍ പറയുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണര്‍ക്ക് കൈമാറി. ഡബ്‌ള്യു.സി.സി ഭാരവാഹികളായ ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരുടെ മൊഴി ഇന്‍ഫോപാര്‍ക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പടവെട്ട്. മലബാറിന്റെ പശ്ചാത്തലത്തില്‍ നിവിന്‍ പോളി നായകനായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരുന്നു.