ന്യൂഡൽഹി: മത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻറേതാണ് തീരുമാനം. പോപ്പുലർ ഫ്രണ്ടിന്റെ മുഖം മിനുക്കൽ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 68,62,081 രൂപ കണ്ടുകെട്ടി. പിഎഫ്ഐയുടെ പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
2009 മുതൽ 60 കോടിയിൽ അധികം രൂപ പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതായി ഇഡി വൃത്തങ്ങൾ പറയുന്നു. പകുതിയിൽ അധികവും പണമായാണ് നിക്ഷേപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ധനസമാഹരണം നടത്തിയിരുന്നു. കഴിഞ്ഞ മാസം 22 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പിഎഫ്ഐ നേതാക്കളായ അബ്ദുൽ നസീർ പീടികയിൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരെ ഇഡി കുറ്റപത്രം നൽകിയിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ ഇഡി അറ്റാച്ച് ചെയ്തിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ (ആർഐഎഫ്) 10 ബാങ്ക് അക്കൗണ്ടുകളും 59 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 5 പ്രകാരം പിഎഫ്ഐയുടെ 68,62,081 രൂപയാണ് ആകെ ഇഡി അറ്റാച്ച് ചെയ്തത്.
ഗൾഫ് രാജ്യങ്ങളൽ നിന്നുള്ള ഫണ്ടുകൾ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവർത്തനമാണ് പിഎഫ്ഐ നടത്തുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ വരുമാനം രഹസ്യമായി ഇന്ത്യയിലേക്ക് അധോലോക, നിയമവിരുദ്ധ മാർഗങ്ങൾ വഴി അയച്ചതായും ഇഡിയുടെ അന്വേഷണത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ള അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, അവരുടെ ബന്ധുക്കൾ, സഹകാരികൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ആദ്യം പണമെത്തുന്നത്. പിന്നീട് ഈ തുക പിഎഫ്ഐ, ആർഐഎഫ്, മറ്റ് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റം ചെയ്യുമെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ അഷറഫിനേയും മലപ്പുറത്തെ ഡിവിഷണൽ പ്രസിഡന്റായ പീടികയിൽ അബ്ദുൾ റസാഖിന്റെനേയും നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വൻ തോതിൽ കള്ളപ്പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ഒഴുക്കിയെന്നാണ് ഇഡി കണ്ടെത്തിയത്.