തിരുവനന്തപുരം: ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെഅറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഹാജരായത്. വൈദ്യപരിശോധനയ്ക്ക് ശേഷം എല്‍ദോസിനെ ജാമ്യത്തില്‍ വിട്ടയക്കും. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് എല്‍ദോസിന്റെ അഭിഭാഷകന് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബലാത്സംഗകേസില്‍ എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 11 ഉപാധികലുടേയും 5 ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീര്‍ത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ആവശ്യപ്പെടുകയാണെങ്കില് എല്‍ദോസ് പത്ത് ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അധ്യാപികയായ യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് സ്ഥലങ്ങളില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 28 നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നുകാട്ടി യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മീഷണര്‍ കോവളം സിഐക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് യുവതി ആരോപിച്ചതോടെ കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു. അതിനിടെ എല്‍ദോസ് കുന്നപ്പിള്ളി സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ എല്‍ദോസിനെതിരെ വധശ്രമക്കേസും ചുമത്തിയിരുന്നു.അതേസമയം താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഉയര്‍ന്നുവന്നതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും എല്‍ദോസ് പ്രതികരിച്ചു. താന്‍ ഒളിവില്‍ ആയിരുന്നില്ല. കോടതിക്ക് മുമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരിക്കുകയായിരുന്നുവെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.