റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ഈ പ്രതിസന്ധിയില്‍ യുക്രൈനെ സഹായിക്കാന്‍ രംഗത്തു വന്നിരിക്കുകയാണ് ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക്. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്താല്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ മേഖലകളില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് മസ്‌ക് എന്നാണ് വിവരം. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇത് സംബന്ധിച്ച് ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു.
സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. ഇതിന് മറുപടിയായി പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് മസ്‌ക് അറിയിച്ചത്. ഇതിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചു.
അതേ സമയം യുക്രൈന്‍ ഔദ്യോഗിക അക്കൗണ്ട് മസ്‌കിന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മസ്‌കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സ് കമ്പനിയാണ് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കുന്ന സ്റ്റാര്‍ലിങ്ക് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇപ്പോള്‍ തന്നെ സ്റ്റാര്‍ലിങ്കിന്റെ 2,000 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ ഉണ്ടെന്നാണ് കണക്ക്. കൂടുതല്‍ സര്‍വീസ് വ്യാപിപ്പിക്കാന്‍ ഇത് സ്‌പേസ് എക്‌സ് 4,000 ഉപഗ്രഹമായി വര്‍ദ്ധിപ്പിക്കും.