കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താന്‍ നീക്കം.
കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തിയിരുന്നില്ല. പരീക്ഷ നടത്തുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇതുവരെയും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഈ മാസം 22 മുതല്‍ 30 വരെ വാര്‍ഷിക പരീക്ഷ നടത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. ഈ ദിവസങ്ങളിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക. ഇതിനിടയില്‍ വാര്‍ഷിക പരീക്ഷ നടത്താനാകില്ലെന്ന വിലയിരുത്തത്തിലിനെ തുടര്‍ന്നാണ് പരീക്ഷ ഈ മാസം അവസാനം നടത്താന്‍ നീക്കം നടക്കുന്നത്. പരീക്ഷ തിയതി സംബന്ധിച്ച് അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മദനമോഹന്‍ അറിയിച്ചു.
അഞ്ചു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വാര്‍ഷിക പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. ഈമാസം അവസാനം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചോദ്യപേപ്പര്‍ അച്ചടി നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എസ്‌എസ്‌എല്‍സിക്കാര്‍ക്ക് 16 മുതല്‍ രാവിലെയും ഉച്ചയ്ക്കുമായാണ് മോഡല്‍ പരീക്ഷ നടത്തുക. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ അവസാനം നടത്താനാണ് നീക്കം. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കി ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനലവധി നല്‍കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.
എസ്‌എസ്‌എല്‍സി ബോര്‍ഡ് പരീക്ഷ ഈമാസം 31ന് ആരംഭിച്ച് ഏപ്രില്‍ 29നാണ് സമാപിക്കുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈമാസം 30 മുതല്‍ ഏപ്രില്‍ 22 വരെയും നടക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മോഡല്‍ പരീക്ഷകളാണ് സ്‌കൂളുകളില്‍ ഇപ്പോള്‍ നടക്കുന്നത്.