ഇംഫാല്‍ : മണിപ്പുരില്‍ ഇന്ന് ജനവിധി. തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 8 മണ്ഡലങ്ങളിലായി 15 വനിതകളടക്കം 173 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.
തിരഞ്ഞെടുപ്പിന് മുമ്പായി പലയിടത്ത് നിന്നും ആക്രമണവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചുരാചന്ദ്പുര്‍ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചിരുന്നു. അക്ഷേത്രിഗാവാ മണ്ഡലത്തിലെ ജെ.ഡി.യു. സ്ഥാനാര്‍ഥി വാഹെന്‍ഗ്ബാം രോജിത് സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചിട്ടു. പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രധാനി. സംസ്ഥാനത്ത് രണ്ടാമൂഴം തേടുന്ന ബി.ജെ.പി.ക്ക് ബിരേന്റെ ജയം പ്രധാനമാണ്. ഹെയ്ന്‍ഗാംഗില്‍ നിന്നാണ് ബിരേന്‍ മത്സരിക്കുന്നത്.
മയക്കുമരുന്ന് വേട്ടയിലൂടെ ശ്രദ്ധേയനായ താനൗജാം ബ്രിന്ദയാണ് ആദ്യഘട്ടത്തിലെ മറ്റൊരു സ്ഥാനാര്‍ഥി. നിരോധിതസംഘടനയായ എം.എന്‍.എല്‍.എഫിന്റെ ചെയര്‍മാനായിരുന്ന ആര്‍.കെ. മേഘന്റെ മരുമകളാണ് ബ്രിന്ദ.
മണിപ്പുര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. ലോകേന്‍ സിങ്ങാണ് മറ്റൊരു പ്രമുഖന്‍. 2002 മുതല്‍ നാലുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇബോബി സിങ് നയിച്ച സര്‍ക്കാരുകളില്‍ പലതവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. നമ്പോല്‍ ആണ് ലോകേന്റെ മണ്ഡലം.