ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പൊലീസുകാരനെ തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു സംഘം ഗ്രാമീണരാണ് പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിക്കുന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ മര്‍ദിച്ചതെന്നാണ് ആളുകള്‍ പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്റെ മുകളില്‍ കയറി മേല്‍ക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരന്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വെച്ചതോടെ വീട്ടുകാര്‍ എത്തി. പൊലീസുകാരന്‍ മദ്യപിച്ച നിലയിലായിരുന്നു.
വീട്ടുകാര്‍ ഉടന്‍ ഗ്രാമവാസികളെ വിളിച്ചുകൂട്ടുകയും രോഷാകുലരായ ആള്‍ക്കൂട്ടം പൊലീസുകാരനെ നഗ്‌നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സന്ദീപ് കുമാര്‍ എന്നാണ് ഇയാളുടെ പേര്. ഒടുവില്‍ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.