പനാജി: അടുത്ത് നടക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പ്രീ പോള്‍ സര്‍വ്വെ ഫലം .കോൺഗ്രസ് രണ്ടക്കം പോലും കടക്കില്ല .ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് സര്‍വ്വെ ഫലമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി കുതിക്കുമെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നും സര്‍വ്വെയില്‍ പറയുന്നു. കോണ്‍ഗ്രസിനെയും ബിജെപി യെയും വെട്ടിലാക്കി ഗോവയില്‍ മല്‍സര രംഗത്തുള്ള മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാവി എന്ത് എന്ന് സര്‍വ്വെയില്‍ പ്രവചിക്കുന്നില്ല. സര്‍വ്വെ ഫലം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതും കോണ്‍ഗ്രസിനും തൃണമൂലിനും ആശങ്ക നല്‍കുന്നതുമാണ്.
ഗോവയില്‍ 40 അംഗ നിയമസഭയാണുള്ളത്. 21 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരണം ലഭിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വെയില്‍ പറയുന്നു. 20-22 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. 2017ല്‍ ബിജെപിക്ക് 13 സീറ്റാണ് ലഭിച്ചത്. 32 ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി നേടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
അതസമയം, 5-7 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. 22 ശതമാനം വോട്ടുകളാണ് എഎപി നേടുക. കോണ്‍ഗ്രസിന് 4-6 സീറ്റുകള്‍ ലഭിക്കും. 18 ശതമാനത്തിലധികം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. ബാക്കി സീറ്റുകള്‍ ചെറുകക്ഷികള്‍ സ്വന്തമാക്കും. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാമന്തിനെ തന്നെയാണ് സര്‍വ്വെയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യപ്പെടുന്നത്. 31 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിനെ മുഖ്യമന്ത്രി പദവിയിലേക്ക് പിന്തുണച്ചവര്‍ 23 ശതമാനമാണ്. ഒരു കാലത്ത് ഗോവന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നേതാവാണ് കാമത്ത്.
ഖനന പ്രതിസന്ധി, ടൂറിസം മേഖലയുടെ തകര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വാക്‌സിനേഷന്‍, പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം എന്നീ കാര്യങ്ങളാണ് വോട്ടര്‍മാര്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കൂടാതെ പ്രാദേശിക നേതാക്കള്‍ മല്‍സരിക്കുന്നത് ജനങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നു. അതിന് പുറമെ, മതം, ദേശീയ നേതാക്കള്‍, കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ട്ടി ഭരിക്കല്‍ തുടങ്ങിയ വികാരവും ഗോവയില്‍ നിലനില്‍ക്കുന്നുണ്ട്.