തിരുവനന്തപുരം:നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. അതേസമയം നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ഗോപന് സ്വാമിയുടെ അസ്വാഭാവികത ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന് സ്വാമിയുടെ മകന് സനന്തന്‍. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കുമെന്നും സനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ശിവന്റെ അമ്പലത്തില്‍ അച്ഛന് സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാന്‍. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയില്‍ ആരൊക്കെ ഉണ്ടോ അവര്‍ക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’- സനന്തന്‍ പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഗോപന് സ്വാമിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മഹാസമാധി ഇരുത്തും. സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ അച്ഛന് മഹാസമാധി ഒരുക്കുമെന്ന് കുടുംബം പറഞ്ഞു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുന്നത്. വിപുലമായ ചടങ്ങുകളോടെ മഹാസമാധി ഒരുക്കുമെന്നും കുടുംബവും വിഎസ്ഡിപി വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു.
ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചു.