കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹൈക്കോടതി പരിശോധിക്കാൻ തയാറെടുക്കുന്നു. മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാൻ കോടതി ബാലചന്ദ്രകുമാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസില്‍ ദിലീപുൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ചവരെ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്.
മൊഴി കാണാതെ ഈ സാഹചര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
കേസിന്‍റെ പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചു. എന്നാൽ കോടതിയുടെ അനുമതിയോടെയുള്ള പരിശോധനമാത്രമാണ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.