കൊച്ചി: തനിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായ നടി ഹണി റോസ്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണത്തിന് കാരണക്കാരൻ രാഹുൽ ആണെന്നും അവർ പറഞ്ഞു. അതിനാൽ നിയമപടിയുമായി മുന്നോട്ട് പോകുകയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു.
സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് അറിയിച്ചു.
ഹണി റോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു. പൊലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നുകണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പൊലീസും കോടതിയുമാണ്.
ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍, ഇന്ത്യന്‍ ഭരണ ഘടന വസ്ത്രധാരണത്തില്‍ ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല.
ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലികാവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങളായി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധ ഭീഷണികള്‍, അപായ ഭീഷണികള്‍, അശ്ലീല, ദ്വയാര്‍ഥ, അപമാനക്കുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളീയിംഗിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ എന്നെ കടുത്ത മാനസിക വ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെപ്പോലെയുള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന് കാരണം ഇത്തരം അവസ്ഥയില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികളാണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കള്‍ പിന്തുണയ്ക്കുന്ന, ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ പിആര്‍ ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്.
എന്റെ മൗലികാവകാശങ്ങളെ നിഷേധിച്ചുകൊണ്ട്, എന്റെ മൗലികാവകാശങ്ങളിലേക്ക് കടന്നുകയറി എന്നെ അപമാനിച്ചുകൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധ രീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമ നടപടി കൈക്കൊള്ളുന്നു.
ഒരു സ്ത്രീയുടെ പൊതുവിടത്തിലെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്നത് സൈബര്‍ ബുള്ളീയിംഗിന്റെ പരിധിയില്‍ വരുന്നതും ഇന്ത്യയിലെ വ്യത്യസ്ത നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റവുമാണ്. ഒരു വ്യക്തിയോ ഒരു പിആര്‍ ഏജന്‍സിയോ ബോധപൂര്‍വ്വം നടത്തുന്ന സൈബര്‍ ബുള്ളീയിംഗ് ഇന്ത്യയില്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്. ഒരാളുടെ വസ്ത്രധാരണത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങളെ ഉപയോഗിച്ച് അയാള്‍ക്കെതിരെ സൈബര്‍ ആക്രമണം സൃഷ്ടിക്കുന്നതും ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആണ്. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല,
ഹണി റോസ് വര്‍ഗീസും കുടുംബവും.
അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും ശേഖരിക്കുമെന്നും ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിനെ ഏത് വിധേനയും പൂട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ബോബി നേരത്തെ നടത്തിയ അശ്ലീല, ദ്വയാർത്ഥ പ്രയോഗങ്ങളുടെ എല്ലാം വീഡിയോകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എല്ലാം ബോബി ചെമ്മാണ്ണൂരിന്റെ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ചയാണ് ബോബിയുടെ ജാമ്യം ഹൈക്കോടതി പരിഗണിക്കുക. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും പോലീസ് നീക്കമുണ്ട്. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. തുടർന്ന് കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുത്തുകയാണ് ലക്ഷ്യം.