ആഗോള രാജ്യങ്ങളുടെ വിലക്കുകള്‍ മറി കടക്കാനായി റഷ്യ പ്രഖ്യാപിച്ച എണ്ണ വിലയിളവില്‍ ആകൃഷ്ടരായി ഇന്ത്യ.
റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ആഗോള തലത്തില്‍ സ്വീകാര്യമായ പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്നും റഷ്യയെ വിലക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപ-റഷ്യന്‍ കറന്‍സിയായ റൂബിള്‍ വഴിയാണ് ഇടപാട്.
”റഷ്യ എണ്ണയും മറ്റ് സാധനങ്ങളും കനത്ത വിലക്കിഴവില്‍ വാഗ്ദാനം ചെയ്യുന്നു. അത് സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ടാങ്കര്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ഓയില്‍ മിശ്രിതങ്ങള്‍ തുടങ്ങിയ ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്. അതിന് ശേഷം ഓഫര്‍ സ്വീകരിക്കും,” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എക്കണോമിക് ടെെംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ എണ്ണ ആവശ്യത്തില്‍ 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഇതില്‍ മൂന്ന് ശതമാനത്തോളം മാത്രമേ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നുള്ളൂ. എന്നാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയതിനാല്‍ റഷ്യന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. റഷ്യന്‍ എണ്ണക്കമ്ബനികള്‍ ഇന്ത്യക്ക് വലിയ ഇളവുകളും നിലവിലെ സാഹചര്യത്തില്‍ നല്‍കുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കുന്നുണ്ട്.
റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് യുഎസ് ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു പ്രവൃത്തി ചരിത്രത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെ രേഖപ്പെടുത്തുമെന്ന് ഓര്‍മ്മിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍സാക്കി അഭിപ്രായപ്പെട്ടു.
യുഎസ് ഉപരോധം നിലനില്ക്കെ റഷ്യയില്‍ നിന്നും ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഉപരോധത്തിന്റെ ലംഘനമാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസ്സ് സെക്രട്ടറി ജെന്‍സാക്കി. ചരിത്രം ഇന്നത്തെ നിര്‍ണ്ണായക ഘട്ടത്തെ അടയാളപ്പെടുത്തുമ്ബോള്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്നാണ് ഇന്ത്യ ഓര്‍മ്മിക്കേണ്ടതെന്ന് യുഎസ് പ്രസ്സ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ നേതൃത്വത്തെ പിന്തുണക്കുന്നത് വിനാശകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതിന്ന് തുല്ല്യമാണ്. ഇന്ത്യ ഒരിക്കലും യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ചിട്ടില്ല. ഇന്ത്യ എല്ലായ്പ്പോഴും അഭിപ്രായഭിന്നതകളെ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.