ആം ആദ്‌മി ഇനി പഞ്ചാബും ഭരിക്കും. രാവിലെ വോട്ടണ്ണെല്‍ ആരംഭിച്ച് ഏകദേശം ഒമ്ബത് മണിയോടുകൂടി തന്നെ പഞ്ചാബ് ആപ്പ് സ്വന്തമാക്കിയെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാമതായെത്തി പഞ്ചാബില്‍ തങ്ങളുടെ വരവ് ആപ്പ് അറിയിച്ചുവെങ്കില്‍ ഇത്തവണയത് വിജയം അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പൂര്‍ണമാക്കിയത്. പെട്ടെന്നൊരു ദിനം കൊണ്ട് മാറി മറിഞ്ഞതല്ല പഞ്ചാബിലെ രാഷ്‌ട്രീയ സാഹചര്യം.
ഒരു മാറ്റത്തിന് വേണ്ടിയുള്ള തൃഷ്‌ണ പഞ്ചാബിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ അതിതീവ്രമായി നിലകൊണ്ടിരുന്നു. പ്രധാന കക്ഷിയായ ശിരോമണി അകാലിദള്‍ വിവിധ ഘട്ടങ്ങളിലായി ബിജെപിയുമായും, കോണ്‍ഗ്രസുമായും ചേര്‍ന്ന് 24 വര്‍ഷമാണ് ഭരിച്ചത്. തൊഴിലില്ലായ്‌മ, നീതി നടപ്പാക്കുന്നതിലെ വേഗതക്കുറവ്, മയക്കുമരുന്ന് മാഫിയ, അനധികൃത മണല്‍ക്കടത്ത് തുടങ്ങിയവയെല്ലാം നിലവിലെ പരിതസ്ഥിതിയില്‍ നിന്ന് ഒരു മാറ്റം എന്നതിലേക്ക് പഞ്ചാബികളെ ചിന്തിപ്പിച്ചു. 70 വര്‍ഷത്തോളം രണ്ട് വലിയ രാഷ്‌ട്രീയകക്ഷികള്‍ ഭരിച്ചിട്ടും അതിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് ഡല്‍ഹി മോഡല്‍ ഉയര്‍ത്തികൊണ്ടുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ രംഗപ്രവേശം.
ഡല്‍ഹി ഭരണത്തില്‍ കേജ്‌രിവാള്‍ പുറത്തെടുത്ത് നാല് ട്രംപ് കാര്‍ഡുകള്‍ തന്നെയാണ് പഞ്ചാബ് ജനതയെ എഎപിയിലേക്ക് ആകര്‍ഷിച്ചത്. സര്‍ക്കാര്‍ തലത്തിലെ മികച്ച വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ ഏറ്റവും കുറഞ്ഞനിരക്കില്‍ ലഭ്യം എന്നിവയാണ് വോട്ടര്‍മാരെ സ്വാധിനിച്ചത് എന്നതില്‍ സംശയമില്ല.
യുവജനങ്ങള്‍, പ്രത്യേകിച്ച് വനിതാ വോട്ടര്‍മാരാണ് ആപ്പിന്റെ വിജയത്തിന് നെടുംതൂണായതെന്ന് പറയാം. സംസ്ഥാനത്തെ ഗ്രസിച്ച അഴിമതിയെ പൊടിപോലുമില്ലാതെ തൂത്തെറിയുമെന്ന് കേജ്‌രിവാള്‍ പ്രചരണവാഗ്‌ദ്ധാനം നല്‍കിയിരുന്നു. ഒപ്പം, സംസ്ഥാനത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സമൂല പരിവര്‍ത്തനവും ഉറപ്പുനല്‍കി. ഇത് ജനങ്ങളെ ഹഠാദാകര്‍ഷിച്ചുവെന്നതില്‍ സംശയമില്ല. എല്ലാ മാസവും വനിതകളുടെ അക്കൗണ്ടിലേക്ക് 1000 രൂപ ഡെപ്പോസിറ്റ് ചെയ്യുമെന്നുള്ള ഉറപ്പും വോട്ടായി മാറി.
പ്രമുഖ ഹാസ്യതാരമായ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കികൊണ്ടുള്ള ആപ്പിന്റെ തീരുമാനം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ‌്തു. 2014ലും 2019ലും തുടര്‍ച്ചയായി പഞ്ചാബിലെ സംഗരൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം . ഹാസ്യം, പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാന്‍ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാന്‍ നര്‍മ്മമൊളിപ്പിച്ച പ്രസംഗങ്ങള്‍ തന്നെ ധാരാളമാണ്. ഏറ്റവുമൊടുവിലായി റിസല്‍ട്ട് പുറത്തുവരുമ്ബോള്‍, ആകെയുള്ള 117 സീറ്റുകളില്‍ 89 എണ്ണവും എഎപി നേടിക്കഴിഞ്ഞു. കോണ്‍ഗ്രസ് (15) എസ്‌എഡി(8) എന്നിങ്ങനെയാണ് നില.