കണ്ണൂർ: കെ സുധാകരന് സ്വന്തം തട്ടകത്തിൽ കനത്ത തിരിച്ചടി..മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം. നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭ്രഷ്ട് കൊണ്ട് ജനപിന്തുണ ഇല്ലാതാകില്ല.
അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും പ്രമേയത്തിൽ വിമർശിക്കുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ശശി തരൂരിന്റെ മലബാർ സന്ദർശനമാണ് കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾക്കും നേതാക്കന്മാരെ ചൊടിപ്പിക്കുന്നതിലേക്കും നയിച്ചത്. ഐ വിഭാഗം ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചതും രമേശ് ചെന്നിത്തലയും വി ഡി സതീശനും പരസ്യമായി തരൂരിനെതിരെ വിമർശനമുന്നയിച്ചതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
കോഴിക്കോട്ടെ തരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതും കോട്ടയത്തും പത്തനംതിട്ടയിലും ചില നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കാത്തതും വിവാദമായി. മുൻകൂട്ടി അറിയിക്കാതെയാണ് ശശി തരൂർ പരിപാടികളിൽ പങ്കെടുക്കുന്നത് എന്നായിരുന്നു നേതാക്കന്മാരുടെ വിമർശനം. തരൂരിനെതിരെയുളള നീക്കത്തിൽ മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തത്ക്കാലം അയവുവന്നത്.