ഏറെ നാളായി കാത്തിരിക്കുന്ന, സർക്കാർ ” രഹസ്യരേഖ” എന്ന് വിശേഷിപ്പിച്ചിരുന്ന സിൽവർലൈൻ ഡിപിആർ സർക്കാർ പുറത്ത് വിട്ടു. 6 ഭാഗങ്ങളുള്ള റിപ്പോർട്ടിൽ പൊളിച്ചുമാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെ കണക്കും ഉൾപ്പെടുന്നു.
കെ റെയിൽ പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 6 വാല്യങ്ങളിലായി 3776 പേജുള്ള ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടാണ് പുറത്ത് വന്നത്. പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.
പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും ഡിപിആറിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതി 2025–26ൽ കമ്മിഷൻ ചെയ്യും. ആറര ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശേരി എയർപോർട്ടുമായി ബന്ധിപ്പിക്കുമെന്നും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തും.
പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിശദംശങ്ങളും ഡിപിആറിൽ പറയുന്നുണ്ട്. ട്രക്കുകൾ കൊണ്ടുപോവാൻ കൊങ്കൺ മാതൃകയിൽ റോറോ സർവീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകൾ കൊണ്ടുപോകാൻ സാധിക്കും.